Thursday, December 2, 2010

ഇറ്റാലിയന്‍ ഉപ്പുമാവ്


ന്നൊരു ഞായറാഴ്ച  ആയിരുന്നു.............
എന്നും ഉണക്ക റൊട്ടി കഴിച്ചു മടുത്തു ഞാന്‍ ഒരു തീരുമാനം എടുത്തു,  ഇന്ന് എങ്കിലും എന്റെ ദിനം തുടങ്ങുന്നത് അങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏതെങ്കിലും വിഭവത്തില്‍ നിന്നാകട്ടെ (ലോകത്തില്‍ ഏറ്റവും കൂടുതല്‍  വെറയിറ്റി ബ്രേക്ക്‌ ഫാസ്റ്റ് വിഭവങ്ങള്‍ ഉള്ളത് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ആണ് പോലും - എവിടെയോ വായിച്ചതോര്‍മ്മ വന്നു) - എന്തായാലും ഞാന്‍ ഒന്നുറപ്പിച്ചു  ഇന്ന് കേരള രുചിയില്‍ തന്നെ തുടങ്ങാം .............

അധികം ബഹളമില്ലാതെ ഏറ്റവും കുറച്ചു സമയത്തില്‍ പറ്റുന്ന എന്ത് ഉണ്ടാക്കണം എന്ന് ആലോചിക്കുന്നതിനിടയില്‍, കുറെ വിഭവങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി ....... ഒരു വിധത്തില്‍ കഞ്ഞി  ഉണ്ടാക്കുന്നവന്, ചിലപ്പോള്‍ പാല്‍പ്പായസവും പ്രഥമനും ഒക്കെ ഉണ്ടാക്കിയാല്‍ കൊള്ളാമെന്നു തോന്നും! പക്ഷെ നടന്നിട്ട് വേണ്ടേ!!! ..........അതുപോലെ വിഭവങ്ങള്‍ എല്ലാം പോയി കഴിഞ്ഞപ്പോള്‍, നമ്മുടെ സ്വന്തം  ലാലേട്ടന്റെ  'സാള്‍ട്ട്  മംഗോ ട്രീ' യ്ക്കാണ് നറുക്ക് വീണത്‌,  കുറച്ചെങ്കിലും അറിയാവുന്നത് വേണ്ടേ   പരീക്ഷിക്കാന്‍!..........  

പിന്നെ ഒരു കാര്യം പറയാന്‍ മറന്നു, എനിക്ക് അടുക്കളയില്‍ ഒരു സഹായി ഉണ്ട് - കക്ഷി പരീക്ഷണങ്ങളുടെ ഒരു രാജാവാണ്( i mean രാജ്ഞി ) ഒരു 'പരീക്ഷണ പുലി' എന്നൊക്കെ വേണമെങ്കില്‍ പറയാം ......നമ്മുടെ കൈരളി ലക്ഷ്മി ചേച്ചിയെ വെല്ലും - എന്റെ പരീക്ഷണങ്ങള്‍ കണ്ടാണ്‌ അവള്‍ക്കു ഈ 'പരീക്ഷണ പ്രചോദനം' കിട്ടിയത് എന്ന് അവള്‍ ഇടയ്ക്കു ഇടയ്ക്കു എന്നെ  ഓര്‍മ്മിപ്പിക്കാറുണ്ട്.......പരീക്ഷണങ്ങള്‍ക്ക് വിധിക്കപ്പെട്ടത് ഞങ്ങളും. .... നമുക്ക്  തല്‍ക്കാലം കക്ഷിനെ അമ്മിണി എന്ന്  വിളിക്കാം, പിന്നെ കക്ഷിടെ മറ്റൊരു പ്രത്യേകത - ഉണ്ടാക്കിയ വിഭവത്തെ പറ്റി ഉള്ള ഒരു വിശ്വാസം -  (വായില്‍ വെയ്ക്കാന്‍ കൊള്ളില്ലെങ്കിലും അവസാനം നമ്മുടെ അമ്മിണീടെ വക ഒരു കമന്റ്‌ ഉണ്ടാവും 'നല്ല സ്വാദ്!' എന്ന്)

സാധാരണ എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ (പ്രത്യേകിച്ചും ഗോഡ്സ് ഓണ്‍ കണ്‍ട്രി വിഭവങ്ങള്‍), കക്ഷിയുടെ പരീക്ഷണങ്ങളെ ഭയന്ന് ഞാന്‍ ഒരു സൂപ്പര്‍വൈസറുടെ കുപ്പായം അണിയാറുണ്ട്. അങ്ങനെ സാള്‍ട്ട് മംഗോ ട്രീയ്ക്ക് വേണ്ട ചേരുവകളും, അതൊക്കെ എപ്പോ എപ്പോ ചീനിച്ചട്ടിയില്‍ ഇടണം, എന്നൊക്കെയുള്ള ഇന്‍സ്ട്രക്ഷന്‍സ് ഒക്കെ കൊടുത്തിട്ട് - ഉപ്പുമാവ്- അവള്‍ 'ഉപ്പുമാവ് പായസം' ആക്കാതിരിക്കാന്‍ വെള്ളവും അളന്നു കൊടുത്തിട്ട്, ഡിസ്ക്കവറീയില്‍ എന്തോ ഇന്‍ട്രസ്റ്റിങ്ങ് കുന്തം വരുന്നു എന്ന് ആവേശത്തോടു  കൂടി വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന പുള്ളിക്കാരനെ നിരാശപ്പെടുത്തണ്ട എന്ന് വിചാരിച്ചു ഞാന്‍ ഡ്രോയിംഗ് റൂമിലേക്ക്‌ പാഞ്ഞു. മെയ്ക്കിംഗ് ഓഫ്  ഉപ്പുമാവിന്റെ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുള്ളത് കൊണ്ട് അതിനെ കുറിച്ച് വല്യ ടെന്‍ഷന്‍ ഇല്ലാതെ തന്നെ ആ പ്രോഗ്രാം കാണാന്‍ തുടങ്ങി.

കുറെ കഴിഞ്ഞാണ് ഉപ്പുമാവിനെ ഓര്‍മ്മ വന്നത്, അടുക്കളയിലേക്കു പോയ ഞാന്‍ അവിടെ ഉപ്പുമാവിന്റെ പൊടി പോലും കണ്ടില്ല - ഇനി ഇവള്  ഉപ്പുമാവ്  ഉണ്ടാക്കിയില്ലേ? എന്ന് സംശയിച്ചു അമ്മിണിയെ വിളിച്ചു അന്വേഷിച്ചപ്പോള്‍, അവള്‍ പറഞ്ഞു സ്‌റ്റവിന്റെ പുറത്തു തന്നെ വച്ചിട്ടുണ്ട് എന്ന്, സ്‌റ്റവിന്റെ പുറത്തിരുന്ന  പാത്രങ്ങളിലോന്നിലും തന്നെ  ഉപ്പുമാവിന്റെ അടുത്തെങ്ങും എത്തുന്ന ഒന്നിനേം കണ്ടെത്താനായില്ല, കൂടാതെ അവിടെ അടുത്തിരുന്ന പാത്രങ്ങളിലൊക്കെ പരത്തി നോക്കി .............നോ രക്ഷ!

ഞാന്‍  തിരച്ചില്‍  അടുക്കളയുടെ  മറ്റു  ഭാഗങ്ങളിലേക്കും  വ്യാപിപ്പിച്ചു മുന്നേറുന്നതിനിടയില്‍, എന്തോ ഒരു നേരിയ സംശയം തോന്നി, തിരിച്ചു വന്നു ചീനിച്ചട്ടിയിലേക്ക് നോക്കിയതും........ എന്റെ മനസ്സില്‍ ഒരു ഷോക്കിംഗ് ലഡ്ഡു പൊട്ടി!! ഒരു നിമിഷത്തേക്ക് ഞാന്‍ സ്ഥബ്ധയായി നിന്ന് പോയി.......പിന്നെ ഞാന്‍ എപ്പോള്‍ നേരെ ആയി എന്നൊന്നും ഓര്‍മ്മയില്ല, അതില്‍ മഞ്ഞ നിറമുള്ള ഒരു സാധനം കിടന്നു എന്നെ നോക്കി ചിരിക്കുന്നു.......ഈ  നോര്‍ത്ത് ഇന്ത്യക്കാരുടെ ദാല്‍ സ്റ്റ്യിലില്‍! ........ഫസ്റ്റ് search -ല്‍ ഞാന്‍ അതിനെ പൂര്‍ണമായും ignore ചെയ്തിരുന്നു...... എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ശുഭാപ്തി വിശ്വാസം മുഴുവനായും വലിച്ചെടുത്തു, ഇത് മറ്റെന്തോ ആയിരിക്കും എന്ന പ്രതിക്ഷയോടു കൂടി, മഞ്ഞ നിറത്തിലുള്ള ആ സാധനത്തെ ഒന്ന് കൂടി സുക്ഷ്മ നിരീക്ഷണം നടത്തിയപ്പോഴല്ലേ എന്നെ ഞെട്ടിക്കുന്ന ആ സത്യം എനിക്ക് കത്തിയത്........ അതാ കിടക്കുന്നു എന്റെ പ്രിയപ്പെട്ട 'സാള്‍ട്ട് മംഗോ ട്രീ'......... അതും മഞ്ഞ നിറത്തില്‍! )

എന്റെ മനസ്സിലേക്ക് ഇരമ്പി വന്ന ദേഷ്യത്തോടെ ഞാന്‍ അമ്മിണിയെ  വിളിച്ചു (എനിക്ക് 'ഗര്‍ജ്ജിക്കണം' എന്നുണ്ടായിരുന്നു - ഇനി നാളെ മുതല്‍ ഇവള്‍ വന്നില്ലെങ്കിലോ, പിന്നെ എല്ലാവരും പട്ടിണിയാവും, എന്ന ചിന്ത എന്നെ ഗര്‍ജ്ജിക്കുന്നതില്‍ നിന്നും വിലക്കി)

ഇത് എന്താണ് എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞു........
'ചേച്ചി അല്ലെ പറഞ്ഞത് ഇത് ഉണ്ടാക്കാന്‍'
ഇതില്‍ മഞ്ഞ നിറം എവിടുന്നു വന്നു എന്ന ചോദ്യത്തിന് -  മഞ്ഞളിട്ടാല്‍ സ്വാദ് കൂടും,രോഗ പ്രതിരോധ ശേഷി കൂടും എന്നും, മഞ്ഞളില്‍ പല പല സംഭവങ്ങളും അടങ്ങിയിട്ടുണ്ട് എന്നും (അതില്‍  പലതും ഞാന്‍ മുന്‍പ് കേട്ടിട്ടില്ല! - പഴയ ബോട്ടണി ക്ലാസ്സിലേക്ക് പോയി മഞ്ഞളിനെ പറ്റി ഉള്ള chapter ഓര്‍ത്തെടുക്കാന്‍ പറ്റിയ സാഹചര്യം അല്ലാത്തതിനാല്‍ അതിനു പോയില്ല, കേട്ടു നിന്നു)  അങ്ങനെ അങ്ങനെ മഞ്ഞളിന്റെ ഗുണഗണങ്ങള്‍ അവള്‍ നിന്ന് വിവരിക്കാന്‍  തുടങ്ങി........ഇതെല്ലാം കൂടി കേട്ടിട്ടാണോ എന്തോ, ചീനിച്ചട്ടിയില്‍ കിടന്ന മഞ്ഞള്‍ വരെ ഒന്ന് പൊങ്ങി - കേട്ടാല്‍ തോന്നും അവള്‍ ഇപ്പൊ മഞ്ഞളിന്റെ patent എടുത്തിട്ട് വരുന്ന വഴി ആണെന്ന്......  എനിക്കാണെങ്കില്‍ ദേഷ്യം പല പല ദിശയില്‍ നിന്നും വരാന്‍ തുടങ്ങി.

പിന്നെ ഇത് എങ്ങനെ 'പായസം' ആയി എന്ന ചോദ്യത്തിന് ഞാന്‍  കൊടുത്ത അത്രേം വെള്ളത്തില്‍ ഈ സംഭവം വേവില്ല എന്ന് അമ്മിണിയുടെ ബുദ്ധിയില്‍ ദൈവം തോന്നിച്ചതിനാല്‍ അളന്നു കൊടുത്ത വെള്ളം കൂടാതെ ഒരു 3, 4 കപ്പ്‌ വെള്ളം അവളുടെ വകയും ചേര്‍ത്തിട്ടുണ്ട് എന്ന സത്യം അവള്‍ വളരെ അഭിമാനത്തോടു  കൂടി തന്നെ വെളിപ്പെടുത്തി!

ഒരു ദീര്‍ഘ ശ്വാസം എടുത്ത് എന്റെ ദേഷ്യത്തിനോട് പൊരുതി നോക്കി... എവിടെ? ഒന്നുകൂടി കൂടിയെന്നല്ലാതെ! ..............ഇവളെ കൊല്ലണോ അതോ ഡിസ്ക്കവറീക്കാരെ കൊല്ലണോ അതോ എന്റെ മറ്റേ പകുതിയേ(hubby) എന്റെ ഭദ്രകാളി രൂപം കാണിക്കണോ അതോ ടിവി തല്ലി പൊട്ടിക്കണോ എന്നെല്ലാം ആലോചിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അതാ വരുന്നു അവളുടെ വക സര്‍ട്ടിഫിക്കറ്റ് .............
'മഞ്ഞള്‍ ഇടുന്നത് കൊണ്ട് ഏതു  വിഭവത്തിന്റെയും  "സ്വാദ്" കൂടുകയെ ഉള്ളു'!!!!
അതോടു കൂടി നമ്മുടെ അമ്മിണിക്ക് ഞാന്‍ half day ലീവ് കൊടുത്തു.................

അങ്ങനെ കേരള രുചി ആസ്വദിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന എന്റെ നാക്കിനേം വയറിനേം ഞാന്‍ ഒരു വിധത്തില്‍ അടക്കി. ചിനിച്ചട്ടിയില്‍ കിടന്ന ആ പേരില്ലാത്ത സംഭവത്തെ കുറച്ചു കൂടി വെള്ളം ഒക്കെ ഒഴിച്ച് ഒരു പായസം സ്റ്റൈലില്‍ ആക്കി, ഒരു ഇറ്റാലിയന്‍  പേരൊക്കെ തപ്പി എടുത്തു.  പുള്ളിക്കാരന്‍ എന്തും കഴിക്കും എന്നുള്ളതിനാല്‍ ഞാന്‍ ധൈര്ര്യമായി പ്രസന്റ്റ് ചെയ്തതിനു ശേഷം പറഞ്ഞു..... ഒരു ഇറ്റാലിയന്‍ ഡിഷ്‌ ആണ്, വെറുതെ പരിക്ഷിച്ചതാണ് -"mango salty cacciatore!"  (മംഗോ സോള്‍ട്ടി കാച്സിടോരെ!) .....(cacciatore യുടെ meaning നോക്കിയപ്പോള്‍ ഇതിനു ചേരും 'a meal prepared in hunter style')
2, 3 സ്പൂണ്‍ കഴിച്ചു കഴിഞ്ഞു കക്ഷിടെ വിലയിരുത്തല്‍ ................
"ഇതിലും ഭേദം ഉണക്ക റൊട്ടി തന്നെ ആയിരുന്നു"!!!


 

Tuesday, September 21, 2010

കൃഷി ഭ്രാന്ത് എന്ന മഹാരോഗം


ങ്ങനെ തുടങ്ങണം എന്നറിയില്ല രാത്രിയില്‍ അലാറം കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .... ഇത്ര പെട്ടന്ന് രാവിലെ 7 മണിആയോ? അല്‍പ്പം മുന്‍പ് ഉറങ്ങാന്‍ കിടന്നത് പോലെ തോന്നി .......കണ്ണടച്ച് കൊണ്ട് തന്നെ തലയണയുടെ അടിയില്‍ നിന്നും മൊബൈല്‍ തപ്പി എടുത്തു സമയം നോക്കിയപ്പോള്‍ പാതിരാത്രി 2 മണി!!!!

ഇതെന്താ കള്ളന്‍ 'ടൈമിംഗ് ‍' വച്ച് മോഷ്ട്ടിക്കാന്‍ വന്നതാണോ എന്ന് സംശയിച്ചു ബെഡ് റൂമിന് പുറത്തിറങ്ങി ..... സ്റ്റഡി റൂമില്‍ ലൈറ്റ് കണ്ടു കുറച്ചു സംശ്യിചിട്ടാണ് എങ്കിലും ആങ്ങോട്ടു നടന്നു നീങ്ങി ......
അപ്പോള്‍ അതാ അനിയന്‍ അവിടെ വളരെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തു ഇരിക്കുന്നു.....പെട്ടന്ന്  ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന വ്യാധിയില്‍ എന്ത് പറ്റി എന്ന് ചോദിച്ചതും അതാ വരുന്നു ഒരു ഷോക്കിംഗ് മറുപടി 

"അവന്റെ കൃഷി എല്ലാം പോയി എന്ന്'
ഇവന്‍ ജോലി വിട്ടു കൃഷി പണി തുടങ്ങിയോ എന്ന സംശയത്താല്‍ എന്റെ അടുത്ത ചോദ്യം പുറത്തേക്കു വന്നു "കൃഷി???"
അതാ വരുന്നു അടുത്ത ഷോക്ക്‌
അവന്റെ 'വിര്‍ച്ച്വല്‍ കൃഷി' !!!!
സംഗതിയുടെ ഭീകരത മനസിലാക്കാന്‍ അല്പം സമയം എടുത്തെങ്കിലും കംപ്യുട്ടര്‍ സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തി!....

കുറച്ചു ദിവസം ആയിട്ടെ ഉള്ളു അവന്‍ ഒരു കൃഷിക്കാരനയിട്ടു ...... ഒന്നുകുടി വിശദമായിട്ട് പറഞ്ഞാല്‍  ഒരു   'farmvilla' ക്കാരനയിട്ട്....... എങ്കിലും ഇത്ര പെട്ടന്ന് ഒരു കൃഷി നാശം അവന്‍ സ്വപ്നത്തില്‍ പോലും പ്രതീഷിച്ചില്ല എന്നും!!!!!!!

നിശ്ചിത സമയത്തിനുള്ളില്‍ വിളവെടുതില്ലെങ്ങില്‍ ഇത്ര കഠിനമായ ശിക്ഷ!!!! ഇടക്ക് ഇടക്ക് കൃഷിയുടെ സംരക്ഷ്ക്കായി 4 മണിക്കൂര്‍ ഇടവിട്ട്‌ അവന്‍ അലാറം വച്ചിട്ടുണ്ടായിരുന്നു എന്ന ഒരു അത്ര സുഖമിലാത്ത ഒരു സത്യം കുടി അവന്‍ വെളിപ്പെടുത്തി ......... അതില്‍ ആദ്യത്തെ അലാറം  കക്ഷി കേട്ടില്ല പോലും!!!! ഉറങ്ങിപോയി എന്ന്, രണ്ടാമത്തെ അലറ്മില്‍ ആണ് ഈ ഞെട്ടിക്കുന്ന സത്യം  കണ്ടത് !!!!

എന്റെ ഉറക്കം കളഞ്ഞതിന്റെ  ഇരമ്പി വന്ന ദേഷ്യത്തോടെ തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ പിന്നില്‍ നിന്നും അവന്റെ ചോദ്യം.........
'ഇനി പുതിയത് ഒന്ന്  തുടങ്ങാം അല്ലെ?'
ഒന്നും പറയാതെ റൂമിലേക്ക്‌ പോകാനൊരുങ്ങിയപ്പോള്‍ അതാ ശബ്ദം കേട്ട് അമ്മ ഉണര്‍ന്നു വന്നു കഴിഞ്ഞു ...... 'എന്തു പറ്റി?' എന്ന ചോദ്യത്തിന് അമ്മയുടെ പ്രിയപ്പെട്ട മകന്റെ കൃഷി നശിച്ചു എന്ന് മാത്രം പറഞ്ഞു ........

ഒരു ചെടി നടാന്‍ പോലും സ്ഥലം ഇല്ലാത്ത ഈ ഡല്‍ഹിയില്‍ 'കൃഷിയോ?' എന്ന സ്വാഭാവികമായ ചോദ്യത്തോടെ അമ്മ സ്റ്റഡി റൂമിലേക്ക്‌ പോകുന്നത് കണ്ടു. ഞാന്‍ എന്റെ നഷ്ട്ടമായ  ഉറക്കത്തെ തിരികെ കൊണ്ടു വരാന്‍ നടത്തികൊണ്ടിരുന്ന  കഠിനമായ  ശ്രമത്തിനിടയില്‍  സ്റ്റഡി റൂമില്‍ നിന്നും അമ്മയുടെ ശബ്ദം കേട്ടു

'പാതിരാത്രിയില്‍ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോ കുന്തങ്ങള് .....................ഗെയിം ആണ് പോലും കൃഷി ഗെയിം!
ഓരോത്തന്‍മാര് ഓരോന്ന് ഉണ്ടാക്കി വെച്ചോളും മനുഷന്റെ ഉറക്കം കളയാന്‍ ..........!